വാടി വീണ വാകപ്പൂക്കളെ കൈകളാല്‍ വാരിയെടുത്തു ….
അവനാലോചിച്ചു … നശ്വരതയെപ്പറ്റി.
ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍.
ജീവിതത്തിന്റെ, താളം കൈയ്യില്‍ നിന്നും വഴുതിപ്പോകുമ്പോള്‍ -
പലരും ചിന്തകന്മാരാകുന്നു - ഇന്നു അവനും ചിന്തകനാണു..
ഇതുവരെ കാണാത്തതും, കേള്‍ക്കാത്തതും അവന്റെ കൂട്ടുകാരാവുന്നു.
മൗനം അവനെ ഒറ്റപ്പെടുത്തുന്നു…
സുഹ്രുത്തുക്കള്‍ അവനന്യരാകുന്നു.
ലോകത്തില്‍ ഒരു ചിന്തകനും പണക്കാരനായിരുന്നില്ലത്രെ.
സ്നേഹിക്കുവാനും,സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സിനു -
സ്നേഹം നിഷേധിക്കപ്പെടുമ്പോള്‍ , അവര്‍ ചിന്തകന്മാരാകുന്നു…
അവനോര്‍ത്തു, അന്നൊരിക്കല്‍ ഈ വാകമരത്തിന്റെ ചോട്ടില്‍ -
അവളുടെ മടിയില്‍ തലചായ്ച്ച മയങ്ങിയ അവന്റെ-
മുടിയിഴകളില്‍ തലോടി അവള്‍ ചോദിച്ചു-
നിനക്കെന്നെ എത്രമാത്രം ഇഷ്ടമാണെന്നു.??
ആകാശത്തോളം .. അവന്റെ മറുപടി
അല്ല എന്നറിഞ്ഞിട്ടും അങ്ങനെ പറയാനാണവനു തോന്നിയത്..
അവളുടെ ആധരങ്ങളില്‍ നിന്നും മോഷ്ടിച്ചെടുക്കുന്ന ചുംബനങ്ങളിലായിരുന്നു ചിന്ത.
അവള്‍ക്കിഷ്ടമുള്ളതുമാത്രം പറയുക , അതായിരുന്നു പ്രണയം.
അല്ലെങ്കില്‍ അവള്‍ക്കതായിരുന്നു പ്രണയം.
ആ പ്രണയത്തിന്റെ ചൂടില്‍, തണുപ്പില്‍ -
സന്തോഷങ്ങളില്‍ , ദുഖങ്ങളില്‍… കാമമുണ്ടായിരുന്നോ.???
അതോ , അതു മാത്രമേ ഉണ്ടായിരുന്നൊള്ളൊ.??
കാലാന്തരങ്ങളായി സംസ്ക്കരിച്ചെടുത്ത കാമമാണത്രെ പ്രണയം.
അവന്‍ പറഞ്ഞതല്ല…
വിരസമായ സാഹിത്യ ക്ലാസ്സുകളില്‍ നിന്നും അറിഞ്ഞ ജ്ഞാനം.
അല്ലെങ്കില്‍ അലസവും, ഏകാന്തവുമായ ജീവിതത്തില്‍ നിന്നറിഞ്ഞ സത്യം.
അന്നവളെ, സ്വപനം കണ്ടുറങ്ങിയ അവനറിഞ്ഞില്ല -
അവനവളെ ഇഷടമായിരുന്നില്ല എന്നു.
അല്ലെങ്കില്‍ അവളെ നഷടപ്പെട്ടപ്പോള്‍ അവന്‍ വേദനിച്ചേനെ..
അനിവാര്യമായ വിധി എന്നാണവന്‍ അതിനെക്കുറിച്ചു പറഞ്ഞത്.
ഓര്‍ക്കുക , നിങ്ങല്‍ നടന്ന മണല്‍ത്തിട്ടുകള്‍..
നിങ്ങള്‍ പറഞ്ഞ , കിന്നാരങ്ങളും പരിഭവങ്ങളും.
അളന്നാല്‍ തീരാത്ത സ്വപനങ്ങള്‍ -
അവയില്‍ അല്പ്പമെങ്കിലും സത്യമുണ്ടായിരുന്നുവെങ്കില്‍ ,
നീ അവളെ സ്നേഹിച്ചിരുന്നു.
അല്ലെങ്കില്‍ നിനക്കു നടക്കാം …
കാണാത്ത തീരങ്ങളിലെ , കിട്ടാത്ത സ്നേഹവും തേടി…
മുറിഞ്ഞ ഹ്രദയത്തിലെ നിണം കുടിനീരാക്കി -
വറ്റി വരണ്ട അധരങ്ങളെ , സമാശ്വസിപ്പിച്ചു -
ഒടുവില്‍ നീ എത്തുന്ന തീരത്തു നിന്നെ കാത്ത് മറ്റൊരു മരുഭൂമിയുണ്ടാകും…
ജീവിതത്തിന്റെ തീരാത്ത മരുഭൂമിയില്‍ - നിനക്കു ഞാന്‍ നേരുന്നു മംഗളം…
അന്നു നിന്റെ ചിന്തകള്‍ , നി്നക്കു ശാപമാകും
നിന്റെ തലച്ചോറിനു തീ പിടിക്കും…
നിന്റെ കണ്‍പ്പോളകള്‍ മൂടപ്പെടും…
നിന്റെ കാലുകള്‍ക്കു വേരിറങ്ങും..
നീ അറിയാതെ ഓര്‍ക്കും …..
നിന്റെ പഴയ പ്രണയിനിയെ… തിരസ്കരിച്ച പ്രണയത്തിനെ.
അന്നു നിന്റെ കണ്ണൂകള്‍ തുലാവര്‍ഷമാകും.
ഓര്‍ക്കുക , സ്നേഹം അറിയലാകുന്നു….
അറിഞ്ഞതിനെ സ്നേഹിക്കലാകുന്നു…
സ്നേഹിച്ചതിനെ പിന്നേയും അറിയലാകുന്നു..
അറിയാന്‍ ശ്രമിക്കൂ , നിന്റെ സ്നേഹത്തെ, നിന്റെ പ്രണയത്തെ.
-എന്റെ ഒരു കൂട്ടുകാരനു-
സതീഷ്