Tuesday, April 28, 2009

കണ്ടതും , കാണാത്തതും

കാണാത്ത കാഴ്ചകള്‍ -
പറയാത്ത വാക്കുകള്‍ -
കേള്‍ക്കാത്ത കേള്‍വികള്‍ -
അറിയാത്ത സത്യങ്ങള്‍ -
പിന്നെ
കണ്ട കാഴ്ചകള്‍
പറഞ്ഞ വാക്കുകള്‍
കേട്ട കേള്‍വികള്‍
അറിഞ്ഞ സത്യങ്ങള്‍
ഇവയ്ക്കൊരു ബന്ധമുണ്ട് -

കണ്ട കാഴ്ചകള്‍ കാഴ്ചകളല്ല -
മറിച്ച് കണ്ടു മറന്ന ഓര്‍മ്മകളാണ്.
പറഞ്ഞ വാക്കുകള്‍ വാക്കുകളല്ല -
മറിച്ച് പറഞ്ഞു തീര്‍ത്ത ശബ്ദങ്ങളാണ്.
കേട്ട കേള്‍വികള്‍ കേള്‍വികളല്ല -
മറിച്ച് കേട്ടു മറന്ന പഴംപാട്ടുകളാണ്.
അറിഞ്ഞ സത്യങ്ങള്‍ സത്യങ്ങളല്ല
മറിച്ച് തുറക്കപ്പെട്ട രഹസ്യങ്ങളാണ്.

ഇനി പറയുക -
കേട്ടത് കേള്‍ക്കണോ ..?? അതോ, കേള്‍ക്കാത്തത് കേള്‍ക്കണോ .??
കണ്ടത് കാണണോ..?? അതോ , കാണാത്തത് കാണണോ.??
പറഞ്ഞതു പറയണോ..?? അതോ , പറയാത്തത് പറയണോ.??
അറിഞ്ഞതിനെ അറിയണോ..?? അതോ , അറിയാത്തതിനെ അറിയണോ..??

ഇതാണ് നാം ആഗ്രഹിക്കുന്ന മാറ്റത്തിന്റെ സത്യം..
അറിയാനുള്ള ത്വര , കാരണവും ഇതു തന്നെ

-സതീഷ്‌

Saturday, April 25, 2009

മരണം….

മരണത്തെ കാണാത്തവരുണ്ടോ.???

കണ്ട മരണത്തെക്കുറിച്ചു പറഞ്ഞവരുണ്ടൊ.??
മരണം..തുടക്കമാണോ.??

അതോ ഒടുക്കമോ.??

തുടക്കത്തിനും ഒടുക്കത്തിനും ഇടയിലുള്ളഒരു മുടി നാരിഴ ദൂരത്തിലെ മോക്ഷമോ.??

പ്രണയം മരണമാണത്രെ ,

“പ്രണയം ഒരാളുടെ മരണവും, മറ്റൊരാളുടെ ജനനവുമാവുന്നു”
ഇന്നു നീ കണ്ടതും, കേട്ടതും, എല്ലാം..ഇന്നു മരിക്കുന്നു..

നാളെ പുത്തന്‍ കാഴ്ചകള്‍, പുത്തന്‍ കേള്‍വ്വികള്‍.

മരണം ഓരോ നിമിഷത്തിലുമുണ്ട്.

നിമിഷങ്ങള്‍ മരിച്ച് മിനിട്ടുകളുംമിനിട്ടുകള്‍ മരിച്ച് മണിക്കൂറുകളും പിറവിയെടുക്കുന്നു.

മറവിയും ക്ഷണികമായ മരണമാണു…

ഓര്‍മ്മകളുടെ , മരണം…

പ്രഭാതത്തിലെ സൂര്യന്റെ ഉദയം - മരണം നിശയുടെ.

സന്ധ്യയില്‍ , സൂര്യന്റെ മരണം -ജനനം നിശയുടെ.

മരണം….

Wednesday, April 22, 2009

ചിന്തകന്‍.!

വാടി വീണ വാകപ്പൂക്കളെ കൈകളാല്‍ വാരിയെടുത്തു ….
അവനാലോചിച്ചു … നശ്വരതയെപ്പറ്റി.
ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍.
ജീവിതത്തിന്റെ, താളം കൈയ്യില്‍ നിന്നും വഴുതിപ്പോകുമ്പോള്‍ -
പലരും ചിന്തകന്മാരാകുന്നു - ഇന്നു അവനും ചിന്തകനാണു..
ഇതുവരെ കാണാത്തതും, കേള്‍ക്കാത്തതും അവന്റെ കൂട്ടുകാരാവുന്നു.
മൗനം അവനെ ഒറ്റപ്പെടുത്തുന്നു…
സുഹ്രുത്തുക്കള്‍ അവനന്യരാകുന്നു.
ലോകത്തില്‍ ഒരു ചിന്തകനും പണക്കാരനായിരുന്നില്ലത്രെ.
സ്നേഹിക്കുവാനും,സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സിനു -
സ്നേഹം നിഷേധിക്കപ്പെടുമ്പോള്‍ , അവര്‍ ചിന്തകന്മാരാകുന്നു…
അവനോര്‍ത്തു, അന്നൊരിക്കല്‍ ഈ വാകമരത്തിന്റെ ചോട്ടില്‍ -
അവളുടെ മടിയില്‍ തലചായ്ച്ച മയങ്ങിയ അവന്റെ-
മുടിയിഴകളില്‍ തലോടി അവള്‍ ചോദിച്ചു-
നിനക്കെന്നെ എത്രമാത്രം ഇഷ്ടമാണെന്നു.??
ആകാശത്തോളം .. അവന്റെ മറുപടി
അല്ല എന്നറിഞ്ഞിട്ടും അങ്ങനെ പറയാനാണവനു തോന്നിയത്..
അവളുടെ ആധരങ്ങളില്‍ നിന്നും മോഷ്ടിച്ചെടുക്കുന്ന ചുംബനങ്ങളിലായിരുന്നു ചിന്ത.
അവള്‍ക്കിഷ്ടമുള്ളതുമാത്രം പറയുക , അതായിരുന്നു പ്രണയം.
അല്ലെങ്കില്‍ അവള്‍ക്കതായിരുന്നു പ്രണയം.
ആ പ്രണയത്തിന്റെ ചൂടില്‍, തണുപ്പില്‍ -
സന്തോഷങ്ങളില്‍ , ദുഖങ്ങളില്‍… കാമമുണ്ടായിരുന്നോ.???
അതോ , അതു മാത്രമേ ഉണ്ടായിരുന്നൊള്ളൊ.??
കാലാന്തരങ്ങളായി സംസ്ക്കരിച്ചെടുത്ത കാമമാണത്രെ പ്രണയം.
അവന്‍ പറഞ്ഞതല്ല…
വിരസമായ സാഹിത്യ ക്ലാസ്സുകളില്‍ നിന്നും അറിഞ്ഞ ജ്ഞാനം.
അല്ലെങ്കില്‍ അലസവും, ഏകാന്തവുമായ ജീവിതത്തില്‍ നിന്നറിഞ്ഞ സത്യം.

അന്നവളെ, സ്വപനം കണ്ടുറങ്ങിയ അവനറിഞ്ഞില്ല -
അവനവളെ ഇഷടമായിരുന്നില്ല എന്നു.
അല്ലെങ്കില്‍ അവളെ നഷടപ്പെട്ടപ്പോള്‍ അവന്‍ വേദനിച്ചേനെ..
അനിവാര്യമായ വിധി എന്നാണവന്‍ അതിനെക്കുറിച്ചു പറഞ്ഞത്.

ഓര്‍ക്കുക , നിങ്ങല്‍ നടന്ന മണല്‍ത്തിട്ടുകള്‍..
നിങ്ങള്‍ പറഞ്ഞ , കിന്നാരങ്ങളും പരിഭവങ്ങളും.
അളന്നാല്‍ തീരാത്ത സ്വപനങ്ങള്‍ -
അവയില്‍ അല്പ്പമെങ്കിലും സത്യമുണ്ടായിരുന്നുവെങ്കില്‍ ,
നീ അവളെ സ്നേഹിച്ചിരുന്നു.
അല്ലെങ്കില്‍ നിനക്കു നടക്കാം …
കാണാത്ത തീരങ്ങളിലെ , കിട്ടാത്ത സ്നേഹവും തേടി…
മുറിഞ്ഞ ഹ്രദയത്തിലെ നിണം കുടിനീരാക്കി -
വറ്റി വരണ്ട അധരങ്ങളെ , സമാശ്വസിപ്പിച്ചു -
ഒടുവില്‍ നീ എത്തുന്ന തീരത്തു നിന്നെ കാത്ത് മറ്റൊരു മരുഭൂമിയുണ്ടാകും…
ജീവിതത്തിന്റെ തീരാത്ത മരുഭൂമിയില്‍ - നിനക്കു ഞാന്‍ നേരുന്നു മംഗളം…

അന്നു നിന്റെ ചിന്തകള്‍ , നി്നക്കു ശാപമാകും
നിന്റെ തലച്ചോറിനു തീ പിടിക്കും…
നിന്റെ കണ്‍പ്പോളകള്‍ മൂടപ്പെടും…
നിന്റെ കാലുകള്‍ക്കു വേരിറങ്ങും..
നീ അറിയാതെ ഓര്‍ക്കും …..
നിന്റെ പഴയ പ്രണയിനിയെ… തിരസ്കരിച്ച പ്രണയത്തിനെ.
അന്നു നിന്റെ കണ്ണൂകള്‍ തുലാവര്‍ഷമാകും.

ഓര്‍ക്കുക , സ്നേഹം അറിയലാകുന്നു….
അറിഞ്ഞതിനെ സ്നേഹിക്കലാകുന്നു…
സ്നേഹിച്ചതിനെ പിന്നേയും അറിയലാകുന്നു..
അറിയാന്‍ ശ്രമിക്കൂ , നിന്റെ സ്നേഹത്തെ, നിന്റെ പ്രണയത്തെ.
-എന്റെ ഒരു കൂട്ടുകാരനു-
സതീഷ്

Wednesday, April 15, 2009

വിട

നിഴല്‍ വീണ വഴിയിലൂടെ നടന്നു നീങ്ങുന്ന അവള്‍ തിരിഞ്ഞു നോക്കി -
അവന്‍ അവളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ...
കണ്ണുകളില്‍ നഷ്ടബോധവുമായി , തളര്‍ന്നു, അവശനായി
വെയില്‍ ചാഞ്ഞിരുന്നു, ഒരു നേര്‍ത്ത കാറ്റു അവളെ തഴുകി കടന്നു പോയി -
റോഡിന്റെ ഇരു വശവും പൂക്കള്‍ പൂത്തു നിന്നുരുന്നു...
വിടപറയാന്‍ ഒരിക്കലും ചേരാത്ത അന്തരീക്ഷം ...
ഒരു മഴ പെയ്തെങ്കില്‍ , അവള്‍ ആശിച്ചു.. അല്ലെങ്കില്‍ ഒരു ശക്തമായ കാറ്റു .....
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കലാലയത്തിന്റെ , ഇടനാഴികള്‍ അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു
കുട്ടികളുടെ , ശബ്ദ കോലാഹലങ്ങളെ തടസ്സപ്പെടുത്തി .. അവര്‍ -
രാവിലെ അവളെ കാണുമ്പോള്‍ അവന്റെ മുഖത്തെ സന്തോഷം ...
അവള്‍ തല്ലുമ്പോള്‍ പോലും ഉള്ളു തുറന്നു ചിരിക്കുന്ന അവന്‍ ...
എന്നും മാറാതെ , അവിടെതന്നെ അവന്‍ അവള്‍ക്കായി കാത്തു നിന്നിരുന്നു...
ഇന്നു , അവള്‍ അവനെ പിരിഞ്ഞു പോകുകയാണ് ....
രണ്ടു വര്‍ഷത്തെ താല്‍കാലിക ജോലി കഴിഞ്ഞു , പ്യൂണ്‍ പാറുക്കുട്ടി ... നടന്നു നീങ്ങി -
പിറകില്‍ അവന്‍ .. ആ സ്കുളിലെ മണി... അവളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു...
സതീഷ്


Saturday, April 11, 2009

എന്റെ വിഷു

ഏകാന്തതയുടെ അഞ്ചാമത്തെ വിഷു...!!!

ഈ വിഷുവിനു ഞാന്‍ , അഞ്ചു കൊല്ലം തികക്കുകയാണ് -
ഏകാന്തതയുടെ അഞ്ചു കൊല്ലം -
വിഷുപ്പുലരിയും , വിഷുക്കണിയും എനിക്കിന്നന്യം..
എന്റെ സ്വപ്നങ്ങളില്‍ ഇന്നു കണിക്കൊന്നയില്ല , കൈനീട്ടമില്ല -
കാലത്തിന്റെ തലോടലില്‍ തെളിഞ്ഞു മാഞ്ഞു പോയ ഓര്‍മ്മകള്‍
അമ്മയുടെ വിഷു സദ്യ - രാവിലെ കുളിച്ചു പുത്തനുടുപ്പിട്ട്
അമ്മയുടെ കൈവിരലില്‍ തൂങ്ങി വിഷു സന്ദര്‍ശനങ്ങള്‍.
ഇന്നു ഈ വിഷുവിനു ... എനിക്കെന്റെ അമ്മയുടെ സദ്യയില്ല
ഒരു പിടി കണ്ണീരില്‍ കുതിര്‍ന്ന വിഷു ആശസകള്‍ മാത്രം.
ഞാന്‍ വിളിച്ച ഫോണ്‍ കോളിനോടുവില്‍ ഒരു തേങ്ങല്‍ ..
അമ്മയുടെ വിഷു ആശംസകള്‍ -
ഞാനോര്‍ക്കുന്നു വിഷുപ്പുലരിയിലെ , തണുപ്പില്‍ , ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍
പടക്കം പൊട്ടിച്ചു , സദ്യയുണ്ട് , എന്റെ വിഷു -
ഇടുങ്ങിയ നടപ്പാതകളില്‍ , നനഞ്ഞ മണ്ണിന്റെ സ്പര്‍ശം -
ഒഴുകിവരുന്ന മഴവെള്ളം കാലാല്‍ തൊട്ടറിഞ്ഞു നടന്ന ഞാന്‍
ഇന്നീ മരുഭൂമിയില്‍ , എന്റെ വിഷു വെറുമൊരു പാഴ്സ്വപ്നമാകുമ്പോള്‍
എന്റെ നാട്ടില്‍ , പാണംകുഴിയില്‍ ... എന്റെ പ്രിയപ്പെട്ടവര്‍ വിഷു ആഘോഷിക്കുന്നു -
അവരുടെ മുഖത്തെ സന്തോഷം തിരിച്ചറിയുമ്പോള്‍ എന്റെ വിഷു നിറങ്ങള്‍ നിറഞ്ഞതാകുന്നു -
എന്റെ വിഷുകൈനീട്ടം , എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി -
എന്റെ ജീവിതമാകുന്നു...!!!
സതീഷ്

Wednesday, April 8, 2009

പ്രണയം...

പ്രണയം...
ഒരു കവിക്കും കവിതക്കും പൂര്‍ണമായി വരച്ചുകാണിക്കാന്‍ കഴിയാത്ത ഒന്നു ,
സൗഹൃദം എത്ര രൂക്ഷമോ ആഴത്തിലോ ഉള്ളതായാലും , അത്‌ പ്രണയമാകുന്നില്ല -
അതുകൊണ്ടുതന്നെയാവണം നമ്മളെല്ലാവരും പ്രണയിക്കുവാനും പ്രണയിക്കപ്പെടാനും -
കൊതിക്കുന്നത്
...